ജനലിലൂടെ മുറിയിലേക്ക് വരുന്ന വെളിച്ചത്തിന് ചൂട് പിടിച്ചിരിക്കുന്നു. ഇനിയും എഴുന്നേൽക്കാതെ നിവൃത്തി ഇല്ല. കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ തെരുവ് കാണാം താൻ ഇന്നും നടന്നു പോകേണ്ട വഴികൾ, എതിരിടേണ്ട മുഖങ്ങൾ. അതോർക്കുമ്പോൾ തന്നെ ഭയം ഉരുണ്ടു കൂടും.
മുറിയിൽ ആകെ ഉണ്ടായിരുന്ന കുപ്പിവെള്ളത്തിൽ മുഖം കഴുകി അവൻ പുറത്തേക്ക് നോക്കി. തിളങ്ങുന്ന മുഖങ്ങളാൽ അവിടം നിറഞ്ഞിരിക്കുന്നു. ഇനി അവയുടെ പരിഹാസചിരികൾ താൻ ഏറ്റുവാങ്ങണമെന്ന ചിന്ത അവനിൽ നിറഞ്ഞു. തൻ്റെ മുഖം അവർക്ക് അപമാനിക്കാനും പരിഹസിക്കാനും ഉള്ള വസ്തുവാണ്.
"ഇല്ല, ഇനിയും ഇതനുവതിച്ചുകൂടാ.. " തിളങ്ങുന്ന കണ്ണുകളോടെ അയാൾ പറഞ്ഞു.
മുഷിഞ്ഞ കുപ്പായം എടുത്തിട്ട് പുറത്തേക്കിറങ്ങി, ചരിക്കുന്ന മുഖങ്ങൾക്കിടയിലൂടെ മുഖം താഴ്ത്തി അവൻ നടന്നു. ഒരു ചെറിയ പീടികയുടെ മുന്നിൽ ആണ് ആ നടത്തം നിന്നത് . നിറയെ മുഖംമൂടികൾ തൂക്കിയിട്ട ആ പുടികമുറിയിലേക്ക് അവൻ കയറി. അതിനുള്ളിൽനിന്നും ഒരു മുഖം രൂക്ഷമായി അവനെ തുറിച്ചുനോക്കി. എന്തു വേണം എന്ന ചോദ്യം ആ നോട്ടത്തിൽ കലർന്നിരുന്നു.
"ഒരു മുഖംമൂടി."
"ഉം..വേണ്ടത് ഏതാന്ന് വെച്ചാ നോക്കി എടുക്ക്."
മറുപടിക്കുമുന്നെ അയാൾ തിരച്ചിൽ തുടങ്ങിയിരുന്നു. ഒരോ മുഖവും അവൻ എടുത്തു നോക്കി. മനുഷ്യമുഖത്തിന് സമാന മായ മുഖംമൂടികൾ, പല നിറത്തിലുള്ളവ, പല ആകൃതിയിലുള്ളവ, പല ഭാവത്തിലുള്ളവ. ഓരോ മുഖംമൂടി എടുത്തപ്പോഴും ഓരോമുഖം അവനെ തുറിച്ചു നോക്കി. മുഖം മൂടി ഒന്നൊന്നായി എടുത്തുനോക്കുമ്പോൾ ഭയം വർദ്ദിക്കുന്നതല്ലാതെ ഒന്നുകൂടി അവന് മനസിലാക്കി ഇതിൽ തനിക്കുള്ള മുഖം ഇല്ല.
നിരാശയാൽ കുതിർന്ന മുഖവുമായി അവൻ പുറത്തേക്കിറങ്ങി. പീടികമുറിയിൽ നിന്നുള്ള രൂക്ഷമായ നോട്ടം അപ്പോഴും അവനിലേക്ക് എത്തിക്കോണ്ടിരുന്നു. പതിയെ തെരുവിലൂടെ അവൻ തിരിച്ച് നടന്നു. പക്ഷെ ഇത്തവണ ആമുഖം താഴ്ന്നില്ല. എല്ലാ മുഖങ്ങൾക്കും അഭിമുഖമായി അവൻ്റെ കണ്ണുകൾ തിളങ്ങി. മുഖം കുനിച്ചൊരു നിമിഷം പോലും ഇനി അയാൾക്ക് സാധ്യമാകുമായിരുന്നില്ല.
എതിരെ വരുന്ന ഓരോ മുഖത്തിലേക്കും അവൻ സസൂഷ്മം നോക്കി. ഓരോ മുഖവും പരിഹാസം ചൊരിഞ്ഞ് കടന്ന് പോയി. പക്ഷെ അതവനെ വേദനിപ്പിച്ചില്ല , പകരം അത്ഭുതമാണ് സമ്മാനിച്ചത്. ഈ മുഖങ്ങളെല്ലാം താൻ അൽപ്പം മുൻപ് കണ്ടിരിക്കുന്നു. മുഖംമൂടികളുടെ കൂട്ടത്തിൽ !
"അതെ ശരി ആണ് , അവിടെ കണ്ട മുഖങ്ങൾ തന്നെ ഇവിടെയും ." അയാൾ പിറുപിറുത്തു.
മുഖംമൂടികൾ നിരീക്ഷിച്ച് അവൻ അൽപ്പനേരം അവിടെ നിന്നു. സൂര്യനെ മറച്ചുകൊണ്ട് പുതുമഴയ്ക്കായ് കാർമേഘങ്ങൾ നിറഞ്ഞു. അപൂർവ്വമായൊരു തണുപ്പ് അവനിൽ പടർന്നു കയറി.
"അതെ മുഖംമൂടികൾ... എല്ലാം മുഖംമൂടികൾ തന്നെ. "