Translate

Thursday, July 15, 2021

അറിവുള്ളവർ

ഞാൻ മണ്ടത്തരങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു 

അവരെല്ലാവരും ചിരിച്ചു

ഞാൻ അറിവില്ലാത്തവനായി

അവർ അറിവുള്ളവരും

എങ്കിലും,

അവരറിയും ഒരുനാൾ

അവർ തൻ അറിവില്ലായ്മ.


Monday, July 12, 2021

പുക

എങ്ങും തണുപ്പ്,
അനന്തമാം തണുപ്പ്
നാലുപേർ വിറകുകൂട്ടി തീക്കനൽ നട്ടു.                             

പുകപൊന്തി
ദിവ്യമാം പുക
നാലുപേരും അമ്പരന്നു.

പതിനാറുപേർ വന്നു
പതിനാറും പുകയെ വണങ്ങി
പതിനാറായിരം വന്നു
പരകോടിയും വന്നു.

എല്ലാവരും പുകയെ വണങ്ങി
തൊഴുതു
പ്രാർത്ഥിച്ചു
കരഞ്ഞു.

ചിലർ പുകയെ കുപ്പിയിലാക്കി
ചിലർ പുകയെ ഉള്ളിലേക്കെടുത്തു
ചിലർ പുകയെ പേരു വിളിച്ചു

പുകയുയർന്നു
പ്രശ്നങ്ങൾക്കും പ്രതീക്ഷയ്ക്കും മുകളിൽ

പുകപരന്നു
അന്ധതയ്ക്കും അനീതിക്കും ഒപ്പം.

പുകവളർന്നു
മരം കണക്കെ
അനശ്വരമാം മരം കണക്കെ.